ഗുജറാത്തിൽ വന്‍ നിക്ഷേപപദ്ധതികളുമായി ലുലു ഗ്രൂപ്പ്
Saturday, January 13, 2024 1:50 AM IST
കൊച്ചി: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ലുലു ഗ്രൂപ്പ് നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ഗുജറാത്തിൽ 4,000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും.
അഹമ്മദാബാദിൽ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിർമിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദാബാദിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലും ഇവിടെ നിർമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പ്രഖ്യാപനം.
പുതിയ നിക്ഷേപ പദ്ധതികളുടെ മിനിയേച്ചർ മാതൃക യുഎഇ പവലിയനിൽ ലുലു ഗ്രൂപ്പ് പ്രദർശിപ്പിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സീയൂദി, ഇന്ത്യയിലെ യുഎഇ അംബാസിഡർ ജമാൽ അൽ ശാലി, അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ ചേർന്നാണു യുഎഇ പവലിയൻ ഉദ്ഘാടനം ചെയതത്.
ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതൽ സവിശേഷമാക്കിയെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായി ഉച്ചകോടി മാറിയെന്നും എം.എ. യൂസഫലി പറഞ്ഞു.