പോളി വിദ്യാർഥികൾ നിർമിച്ച 30 ഇലക്ട്രിക് ഓട്ടോകൾ ഇന്ന് നിരത്തിലേക്ക്
Thursday, January 11, 2024 12:59 AM IST
തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’ പദ്ധതിയിൽ നിർമിച്ച മുപ്പത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ വൈകുന്നേരം നാലിന് മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ച് ഒരു കാന്പസിൽനിന്നു നിർമിച്ചു നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ‘പഠനത്തോടൊപ്പം സമ്പാദ്യം’ പദ്ധതിയായാണ് കോഴിക്കോട് പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ ഈ ഓട്ടോറിക്ഷകൾ അസംബിൾ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണിവ.