ഇനി മെട്രോ ടിക്കറ്റ് എടുക്കാം, വാട്സ്ആപ് വഴി...
Wednesday, January 10, 2024 12:51 AM IST
കൊച്ചി: ടിക്കറ്റിംഗ് സംവിധാനം ലളിതമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കൊച്ചി മെട്രോ. 9188957488 എന്ന വാട്സ്ആപ് നമ്പര്‍വഴി ഇന്നുമുതല്‍ ആര്‍ക്കും ക്യൂ നില്‍ക്കാതെ ടിക്കറ്റെടുക്കാം. വാട്സ്ആപ് ടിക്കറ്റിന്റെ ഉദ്ഘാടനം കെഎംആര്‍എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നടി മിയാ ജോര്‍ജ് നിര്‍വഹിച്ചു.
മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത നമ്പര്‍ വാട്സ്ആപ്പില്‍ തുറന്നശേഷം ടിക്കറ്റ് എന്നു ടൈപ്പ് ചെയ്താല്‍ സ്ക്രീനില്‍ തെളിയുന്ന ക്യൂആര്‍ ടിക്കറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷന് കാണിക്കും.
ഇതു ക്ലിക്ക് ചെയ്തശേഷം യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് പണം നല്‍കാനുള്ള ലിങ്ക് ലഭിക്കും. ലിങ്ക് ക്ലിക്ക് ചെയ്തശേഷം യുപിഐ, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി പണമടയ്ക്കാം. ഉടന്‍തന്നെ ഡിജിറ്റല്‍ ടിക്കറ്റ് വാട്സ്ആപ് വഴി ലഭിക്കും.
ഈ ടിക്കറ്റില്‍ അരമണിക്കൂറിനകം യാത്ര ചെയ്യണം. ഒരേസമയം ആറു പേര്‍ക്കുള്ള ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. വാട്സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പത്തു ശതമാനം ഇളവും ലഭിക്കും.
തിരക്കില്ലാത്ത സമയങ്ങളില്‍ (രാവിലെ 5.45 മുതല്‍ ഏഴു വരെയും രാത്രി 10 മുതല്‍ 11 വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. പുതിയ സംവിധാനത്തിലൂടെ തിരക്കുള്ള സമയങ്ങളിലും ക്യൂ നില്ക്കാതെയും ഇനിമുതല്‍ യാത്രക്കാര്‍ക്ക് എളുപ്പം മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബംഗളൂരു മെട്രോയില്‍ ഉള്‍പ്പെടെ വാട്സ്ആപ് ടിക്കറ്റിംഗ് സംവിധാനം വന്‍ വിജയമായിരുന്നു.