ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്കുശേഷം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, December 25, 2023 12:34 AM IST
കൊച്ചി: രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽനിന്നും വാങ്ങലുകാർ പിൻവലിഞ്ഞു, ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്കുശേഷമേ തിരിച്ചെത്തൂ. നാളികേര മേഖല വിളവെടുപ്പിനുള്ള നീക്കത്തിൽ, കാത്തിരുന്നാൽ വില ഇടിയുമോയെന്ന ഭീതി. റബർ വില നേരിയ റേഞ്ചിൽ നീങ്ങി, വിൽപനയ്ക്ക് ഇറങ്ങിയ ചരക്കത്രയും വ്യവസായികൾ മത്സരിച്ച് വാങ്ങി. സ്വർണം വർഷാന്ത്യ മികവിൽ, അവധി ദിനങ്ങൾ രാജ്യാന്തര വിപണിയെ തളർത്തും.
സുഗന്ധവ്യഞ്ജന വിപണിക്ക് അവധി
യു എസ്‐ യൂറോപ്യൻ രാജ്യങ്ങൾ ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ തിരിച്ചെത്തു. അത്യാവശ്യം വേണ്ട ചരക്കിന് മുൻകൂർ കച്ചവടങ്ങൾ ഉറപ്പിച്ച ശേഷമാണ് അവർ രംഗംവിട്ടത്. ബയ്യർമാർ ജനുവരി രണ്ടാം വാരം മാർക്കറ്റിൽ തിരിച്ചെത്തും. ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ മലേഷ്യ തുടങ്ങിയ മുഖ്യ സുഗന്ധവ്യഞ്ജന കയറ്റുമതി രാജ്യങ്ങളിലെ പ്രമുഖ വിപണികളിലും ഈ അവസരത്തിൽ മ്ലാനത അനുഭവപ്പെടാം.
ക്രിസ്മസ് ന്യൂ ഇയർ അവധികൾ കണക്കിലെടുത്താൽ ഉത്സവ ദിനങ്ങളായതിനാൽ ഇവിടെയും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങും. കുരുമുളക്, ചുക്ക്, മഞ്ഞൾ, ഏലം, കാപ്പി അടക്കമുള്ളവയുടെ വിദേശവ്യാപാരം ജനുവരി ആദ്യ വാരത്തിനു ശേഷം. വിളവെടുപ്പ് വേളയല്ലാത്തതിനാൽ വിപണിയിൽ പ്രിയമേറിയ പല ഉത്പന്നങ്ങളുടെയും ലഭ്യത കുറവാണ്, ഇത് ഒരു പരിധിവരെ വിലത്തകർച്ചയെ തടയാൻ ഉപകരിക്കും. അതേസമയം, വിദേശ വ്യാപാര രംഗത്തെ തളർച്ച മറയാക്കി വില ഇടിക്കാൻ ശ്രമം നടക്കാം. മുന്നിലുള്ള ദിവസങ്ങളിൽ കരുതലോടെ മാത്രം വിപണിയെ സമീപിച്ചില്ലെങ്കിൽ പ്രതീക്ഷിക്കുന്ന വില സ്വന്തമാക്കാൻ കഴിഞ്ഞെന്നുവരില്ല.
വിയറ്റ്നാമിൽ കുരുമുളക് സ്റ്റോക്ക് കുറഞ്ഞതായാണ് അവിടെനിന്നുള്ള വിവരം. കർഷകർ സ്റ്റോക്കിൽ വലിയ ഭാഗം ഇതിനകം ഇറക്കിയതായി കയറ്റുമതി മേഖല. ആ നിലയ്ക്ക് പുതുവർഷം കയറ്റുമതിക്കാർ വില ഉയർത്താൻ സാധ്യത. ഒക്ടോബറിലെ വിലയേക്കാളും നവംബറിൽ മുളക് വില ഉയർന്നു. അതായത് ടണ്ണിന് 400 ഡോളർ ഉയർത്തി വിയറ്റ്നാം നവംബറിൽ 3,800 ഡോളറിന് കയറ്റുമതി നടത്തി. ഡിസംബർ ലഭ്യത വീണ്ടും കുറഞ്ഞതോടെ 4,100 ഡോളറാക്കി. നവംബറിൽ വിയറ്റ്നാം 20,238 ടൺ കുരുമുളക് ഷിപ്പ്മെന്റ് നടത്തി.
പിന്നിട്ട പതിനൊന്ന് മാസങ്ങളിൽ വിയറ്റ്നാം 2,45,665 ടൺ മുളക് കയറ്റി, തൊട്ട് മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി ഇരുപത് ശതമാനത്തിന് അടുത്ത് ഉയർന്നു. ഇതിനു പുറമേ ഏകദേശം 25,000 ടൺ ചരക്ക് കള്ളക്കടത്തായി കംബോഡിയ, ചൈനയിലേയ്ക്കും നീങ്ങി. അതായത് വിയറ്റ്നാം ഏകദേശം രണ്ടേമുക്കാൽ ലക്ഷം ടൺ കുരുമുളക് ഈ വർഷം ഇതിനകം കയറ്റുമതി നടത്തി. ഡിസംബറിലെ പുതിയ കണക്ക് പുറത്തുവരുന്നതോടെ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തുന്ന രാജ്യമെന്ന ഖ്യാതി അവർ നിലനിർത്തും. കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യ അലങ്കരിച്ചിരുന്ന സ്ഥാനം ഇന്ന് വിയറ്റ്നാമിന് സ്വന്തം.
നാളികേരത്തിനും ഡിമാന്റ് പ്രതീക്ഷിക്കാം
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും ചെറുകിട കർഷകർ നാളികേര വിളവെടുപ്പിലേക്ക് ശ്രദ്ധതിരിച്ചു. ജനുവരിയിലേക്ക് കാത്തുനിന്നാൽ പച്ചത്തേങ്ങ വിലയുടെ ആകർഷണം കുറയുമോയെന്ന ആശങ്കയിൽ ഉത്പാദകർ തോട്ടങ്ങളിലേയ്ക്ക് തിരിഞ്ഞു. മണ്ഡല കാലമായതിനാൽ തേങ്ങയ്ക്കുള്ള ഡിമാന്റ് മകര വിളക്കിനുശേഷം കുറയും, അതേസമയം മുന്നിലുള്ള ദിവസങ്ങളിൽ നാളികേരത്തിന് ശക്തമായ ഡിമാന്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് തിരക്കിട്ട് വിളവെടുപ്പ് പൂർത്തിയാക്കിയാൽ ഉയർന്ന വില ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും.
വെളിച്ചെണ്ണ തളർച്ചയിൽ
വെളിച്ചെണ്ണയ്ക്ക് പുതിയ ഓർഡറുകളില്ലെന്നാണ് മില്ലുകാരുടെ പക്ഷം. മൊത്ത വിപണിയിൽ 13,900 രൂപ. അതേസമയം ക്രിസ്മസിനിടയിൽ ഒരു ബഹുരാഷ്ട്ര കന്പനി സ്റ്റോക്ക് വിറ്റുതീർക്കാൻ ലിറ്ററിന് 118 രൂപയ്ക്കുവരെ വെളിച്ചെണ്ണ കൈമാറി. തളർച്ച മുന്നിൽ കണ്ടാണ് വൻകിടക്കാർ ഇത്തരം നീക്കത്തിന് മുതിരുന്നത്.
വിട്ടുമാറാതെ നാളികേര മാന്ദ്യം
ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ ഇളവ് കാലാവധി കേന്ദ്ര സർക്കാർ വീണ്ടും ദീർഘിപ്പിച്ചു. നിലവിലെ ഇറക്കുമതി തീരുവ ഇളവ് കാലാവധി അടുത്ത മാർച്ചിൽ അവസാനിക്കാനിരിക്കേയാണ് പുതുക്കിയ വിജ്ഞാപനത്തിലൂടെ ഇളവ് 2025 മാർച്ച് വരെയായി നീട്ടിയത്. പുതിയ സാഹചര്യത്തിൽ ക്രൂഡ് പാം ഓയിൽ, ക്രൂഡ് സൺഫ്ലവർ ഓയിൽ, ക്രൂഡ് സോയോയിൽ എന്നിവയുടെ പ്രവാഹം മുന്നിലുള്ള 15 മാസങ്ങളിൽ തുടരും. വ്യവസായികൾക്ക് കുറഞ്ഞ ഡ്യൂട്ടിയിൽ കുടുതൽ ചരക്ക് എത്താനാവും. ആഭ്യന്തര എണ്ണക്കുരു കർഷകർക്ക് പുതിയ തീരുമാനം ഇരുട്ടടിയാവും. വിദേശ ഭക്ഷ്യയെണ്ണകൾ ആഭ്യന്തര വിപണി നിയന്ത്രിക്കുന്നതിനാൽ നാളികേര മേഖലയിലെ മാന്ദ്യം അടുത്ത വർഷവും വിട്ടുമാറില്ല.
ചാഞ്ചാടി റബർ
രാജ്യാന്തര റബറിലെ ചാഞ്ചാട്ടത്തിനിടയിൽ ആഭ്യന്തര മാർക്കറ്റിൽനിന്നും ലഭ്യമായ ഷീറ്റ് അത്രയും കൈപ്പിടിയിൽ ഒതുക്കാൻ ടയർ കമ്പനികളും ചെറുകിട വ്യവസായികളും ഉത്സാഹിച്ചു. ഒട്ടുപാൽ ലഭ്യത ഉറപ്പുവരുത്താൻ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ നടത്തിയ നീക്കത്തെ തുടർന്ന് നിരക്ക് 200 രൂപ വർധിച്ച് 9,900 രൂപയായി. അതേസമയം ലാറ്റക്സ്, റബർ ഷീറ്റ് വിലകളിൽ കാര്യമായ മാറ്റമില്ല. മഴ മാറിയതോടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിംഗ് വീണ്ടും സജീവമായി. നാലാം ഗ്രേഡ് റബർ 15,400ലും അഞ്ചാം ഗ്രേഡ് 15,100 രൂപയിലും വിപണനം നടന്നു.
ആഭരണ വിപണിക്ക് ഉണർവ്
ആഭരണ കേന്ദ്രങ്ങളിൽ പവൻ 45,840 രൂപയിൽ നിന്നും 46,560 രൂപയായി. ഗ്രാമിന് വില 5840 രൂപ. രാജ്യാന്തര വില ഔൺസിന് 2053 ഡോളർ.