സാധ്യതാപഠനം വരുന്നു ; ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ്
Friday, December 15, 2023 12:08 AM IST
കോഴിക്കോട്: കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്കു വേഗം കൂടി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ സാധ്യതാപഠനത്തിനുള്ള ടെന്‍ഡര്‍ വിളിക്കാന്‍ കേരള മാരിടൈം ബോര്‍ഡ് തീരുമാനിച്ചു. ജനുവരിയില്‍ ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.
വിമാന ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ കടുത്ത ചൂഷണത്തിനു വിധേയമാകുന്ന സാഹചര്യത്തിലാണ് കപ്പല്‍ സര്‍വീസ് എന്ന ആശയം ഉടലെടുത്തത്. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വീസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നല്കിയ മറുപടിയില്‍, യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പ്രസിദ്ധീകരി ക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികൾ, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം.ആദ്യഘട്ടത്തില്‍ കൊച്ചി-ദുബായ് സെക്ടറില്‍ കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് ആലോചന. പിന്നീട് ബേപ്പൂരിലേക്കും നീട്ടും.
വിമാന ടിക്കറ്റിനു വന്‍ തുക നല്‍കിയാണു പ്രവാസികള്‍ കേരളത്തിലെത്തുന്നത്. ആഘോഷ, അവധി വേളകളില്‍ നാലിരട്ടിയില്‍ അധികം നിരക്ക് വര്‍ധനവാണ് വിമാന കമ്പനികള്‍ പ്രവാസികളോട് ഈടാക്കുന്നത്. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവില്‍ കപ്പല്‍ യാത്ര നടത്താം. വിമാനത്തില്‍ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കൊണ്ടുവരാനും കഴിയും. ബേപ്പൂര്‍-കൊച്ചി-യുഎഇ യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍നിന്നു നിരന്തര സമ്മര്‍ദം നടത്തിവരുമ്പോഴാണ് ലോക്സഭയില്‍ ഹൈബി ഈഡന് എംപി ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുടെ യോഗത്തിലും ബേപ്പൂർ-ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഉന്നതതല കൂടിയാലോചനകള്‍ നടന്നിരുന്നു.
കേരള-ഗള്‍ഫ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ യുഎഇ സന്ദര്‍ശിച്ചപ്പോൾ കപ്പല്‍ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബേപ്പൂർ-കൊച്ചി-ദുബായ് സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നതിന് അന്ന് കമ്പനികള്‍ സന്നദ്ധത അറിയിച്ചിരുന്നു. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എൻ.എസ്. പിള്ള മുന്‍കൈയെടുത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതകള്‍ നേരത്തെ വിലയിരുത്തിയിരുന്നു.