പാക്കിസ്ഥാനിലെ ഇസ്രയേൽ വിരുദ്ധ റാലിയിൽ സംഘർഷം; അഞ്ച് മരണം
Tuesday, October 14, 2025 3:06 AM IST
ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.