ഹമാസ് ആയുധം താഴെ വയ്ക്കണം; അല്ലെങ്കിൽ വയ്പിക്കുമെന്ന് ട്രംപ്
Thursday, October 16, 2025 12:34 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർ ആയുധം താഴെവയ്ക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഹമാസിനെ നിരായുധീകരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
“ഹമാസ് ആയുധം താഴെ വച്ചില്ലെങ്കിൽ ഞങ്ങൾ താഴെ വയ്പിക്കും. അത് ഉടനുണ്ടാകും. ചിലപ്പോൾ അക്രമമാർഗത്തിലൂടെയായിരിക്കും. എന്തായാലും അവരെ നിരായുധീകരിച്ചിരിക്കും”- തന്റെ സന്ദേശം മധ്യസ്ഥർ മുഖേന ഹമാസിനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പിന്നീട് വ്യക്തമാക്കി.
ഗാസയിൽ അംഗീകരിക്കപ്പെട്ട ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണവും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹമാസ് ആയുധം താഴെ വയ്ക്കാൻ സമ്മതിച്ചുവെന്നാണു റിപ്പോർട്ട്. എന്നാൽ ,സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്ത് കുറച്ചുനാളത്തേക് ഹമാസിനെ ഗാസയിൽ തുടരാൻ അനുവദിക്കുമെന്ന സൂചന ട്രംപ് നേരത്തേ നല്കിയിരുന്നു.