മഡഗാസ്കറിൽ പട്ടാളഭരണം
Thursday, October 16, 2025 12:34 AM IST
അന്തനനാരിവോ: ആഴ്ചകൾ നീണ്ട ‘ജെൻ സി’ പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് അന്ദ്രേയ് രജോലിന നാടുവിട്ട മഡഗാസ്കറിന്റെ ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തുമെന്നും പട്ടാള മേധാവി കേണൽ മൈക്കിൾ അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനെ സസ്പെൻഡ് ചെയ്തു. പുതിയ ഭരണകൂടത്തിൽ ജെൻ സി പ്രക്ഷോഭകരെ ഉൾപ്പെടുത്തുമെന്നും പട്ടാള മേധാവി കൂട്ടിച്ചേർത്തു.
അഴിമതി, സ്വജന പക്ഷപാതം, വിലക്കയറ്റം തുടങ്ങിയവയുടെ പേരിലാണ് യുവജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്. സുരക്ഷാസേന പ്രക്ഷോഭം തടയാൻ ശ്രമിച്ചത് 22 പേരുടെ മരണത്തിനിടയാക്കി.
ഇതിനിടെ, പട്ടാളവും പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് രജോലിന രാജ്യംവിട്ടു. അദ്ദേഹം എവിടെയാണെന്നതിൽ വ്യക്തതയില്ല. ദുബായിലോ, ഫ്രാൻസിലോ ആണെന്നു റിപ്പോർട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നീക്കം തടയാൻ രജോലിന പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച പ്രതിപക്ഷവും രജോലിനയുടെ പാർട്ടിയും വൻ ഭൂരിപക്ഷത്തിൽ ഇംപീച്ച്മെന്റ് പാസാക്കി. മഡഗാസ്കർ ഭരണഘടനാ കോടതി പട്ടാളമേധാവി മൈക്കിളിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിജെയും (ഡിസ്കോ ജോക്കി) വ്യവസായിയുമായിരുന്ന അന്ദ്രേയ് രജോലിന 34-ാം വയസിൽ പട്ടാളത്തിന്റെ പിന്തുണയോടെ അട്ടിമറി നടത്തി ഭരണം പിടിക്കുകയായിരുന്നു.
നാലു വർഷത്തെ ഭരണത്തിനുശേഷം പുറത്താകേണ്ടിവന്ന അദ്ദേഹം 2018ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്തി.