പാക് ടാങ്കുകൾ പിടിച്ചെടുത്തെന്ന് അഫ്ഗാനിസ്ഥാൻ; ആക്രി വാങ്ങിയതെന്ന് പാക്കിസ്ഥാൻ
Thursday, October 16, 2025 11:04 PM IST
കാബൂൾ: പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക് നഗരത്തിലൂടെ ടാങ്കുകൾ പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അഫ്ഗാനിസ്ഥാനിലെ താലിബാൻകാർ പാക് സേനയിൽനിന്നു പിടിച്ചെടുത്തതാണ് ഈ ടാങ്കുകൾ എന്ന് വീഡിയോയിൽ അവകാശപ്പെടുന്നു.
ബുധനാഴ്ച അഫ്ഗാനിസ്ഥാനും താലിബാനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിനു മുന്‍പാണു വീഡിയോ പുറത്തുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രീകരിച്ചിരുന്നത് സ്പിൻ ബോൾഡാക്കിലായിരുന്നു.
അതേസമയം, ടാങ്കുകൾ പാക് സേനയുടേതല്ലെന്ന് അവിടുത്തെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. താലിബാൻകാർ ഇത് ആക്രി വ്യാപാരിയിൽനിന്നു വാങ്ങിയതാകാം എന്നും അദ്ദേഹം പരിഹസിച്ചു.
സോവ്യറ്റ് കാലത്തെ ടി-55 ഇനം ടാങ്കുകളാണ് ഇവയെന്നു സൂചനയുണ്ട്. എൺപതുകൾ മുതൽ അഫ്ഗാനിസ്ഥാനിൽ ഇത്തരം ടാങ്കുകളുണ്ട്. ഇതിനിടെ, ഇന്നലെ വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായില്ലെന്നാണു റിപ്പോർട്ട്.