ഇടത്, വലത് അവിശ്വാസങ്ങളെ അതിജീവിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ലെക്കോർണു
Thursday, October 16, 2025 11:04 PM IST
പാരീസ്: ദിവസങ്ങൾക്കു മുന്പ് വീണ്ടും ഫ്രഞ്ച് പ്രധാനമന്ത്രിപദത്തിൽ നിയമിതനായ സെബാസ്റ്റ്യൻ ലെക്കോർണു ഇന്നലെ പാർലമെന്റിൽ രണ്ടുതവണ അവിശ്വാസത്തെ അതിജീവിച്ചു. ലെകോർണുവിന്റെ ന്യൂനപക്ഷ സർക്കാരിനു പിടിച്ചുനിൽക്കാനായതു പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ആശ്വാസം പകരും.
തീവ്ര ഇടതു പാർട്ടിയായ എൽഎഫ്ഐയും തീവ്ര വലതു പാർട്ടിയായ നാഷണൽ റാലിയുമാണ് അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിച്ചത്. മിതവാദികളായ ഇടതു പാർട്ടികൾ ലെകോർണുവിനെ പിന്തുണച്ചതിനാൽ രണ്ടു പ്രമേയങ്ങളും പരാജയപ്പെട്ടു.
പ്രസിഡന്റ് മക്രോണിന്റെ ജനപ്രീതി കുറഞ്ഞ പെൻഷൻ പരിഷ്കരണ പദ്ധതി ഉപേക്ഷിക്കുമെന്ന് ലെകോർണു വാഗ്ദാനം ചെയ്തതു മൂലമാണ് ഇടതുപക്ഷ പാർട്ടികൾ ലെകോർണുവിന് അനുകൂലമായി രംഗത്തുവന്നത്.
ഇതിനിടെ, മരീൻ ലെ പെൻ നയിക്കുന്ന നാഷണൽ റാലി, എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുണ്ടായാൽ നാഷണൽ റാലിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ.