കത്തോലിക്കരുടെ എണ്ണത്തിൽ വർധന
Saturday, October 18, 2025 12:23 AM IST
വത്തിക്കാൻ സിറ്റി: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ആഗോള മിഷണറി ദിനത്തോടനുബന്ധിച്ച് ഫീദെസ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
അഞ്ച് ഭൂഖണ്ഡങ്ങളിലും വർധനയുണ്ടെങ്കിലും ആഫ്രിക്ക, ഏഷ്യ, അമേരിക്ക ഭൂഖണ്ഡങ്ങളിലാണ് കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിരിക്കുന്നത്.
ലോകത്താകെ 0.1 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ലോകജനസംഖ്യയിൽ കത്തോലിക്കർ 17.8 ശതമാനമായി. അതേസമയം, ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർധിച്ചത്.
ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ 1451 പേരും ഏഷ്യയിൽ 1145 പേരും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോൾ ആഗോള കത്തോലിക്കാസഭയിൽ 406996 വൈദികരാണു സേവനം ചെയ്യുന്നത്. സന്യസ്തസഭകളിലെയും രൂപതകളിലെയും വൈദികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിൽ ആഫ്രിക്കയിൽ മാത്രമാണ് വർധനയുണ്ടായിരിക്കുന്നത്.
അല്മായരായ മതബോധന അധ്യാപകരുടെയും മിഷനറിമാരുടെയും എണ്ണത്തിൽ അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ഗണ്യമായ വർധന കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
‘ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ എന്ന സന്ദേശവുമായാണ് നാളെ കത്തോലിക്കാസഭയിൽ 99-ാമത് ലോക മിഷൻ ദിനം ആചരിക്കുന്നത്.