വെനസ്വേലയിൽ സിഐഎ ഓപ്പറേഷൻ; സ്ഥിരീകരിച്ച് ട്രംപ്
Thursday, October 16, 2025 11:04 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ സിഐഎഎയ്ക്കു വെനസ്വേലയിൽ രഹസ്യ ഓപ്പറേഷൻ നടത്താൻ അനുമതി നല്കിയതായി പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.
നേരത്തേ ന്യൂയോർക്ക് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരഭ്രഷ്ടനാക്കാനാണു ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വെനസ്വേലയിൽനിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നുകടത്തും തടയാൻവേണ്ടിയാണ് സിഐഎ ഓപ്പറേഷനെന്നു ട്രംപ് മാധ്യമപ്രവർത്തകർക്കു മുന്നിൽ അവകാശപ്പെട്ടു. മഡുറോയെ വധിക്കാൻ സിഐഎയ്ക്ക് അധികാരം നല്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാൻ ട്രംപ് തയാറായില്ല.
ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം യുഎസ് സേന വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലത്ത് മയക്കുമരുന്നുകടത്തു സംഘങ്ങൾക്കു നേർക്ക് എന്ന പേരിൽ അഞ്ചു ബോട്ടുകൾ ആക്രമിച്ച് 27 പേരെ വധിക്കുകയും ചെയ്തിരുന്നു. യുഎസ് സേന അധിനിവേശം നടത്തുമെന്ന ഭീതി വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുണ്ടെന്നാണു റിപ്പോർട്ട്.
ചാരസംഘടനകളുടെ പ്രവർത്തനങ്ങൾ ഭരണമേധാവികൾ സ്ഥിരീകരിക്കുന്നത് അപൂർവമാണ്. വെനസ്വേലയുടെ എണ്ണ കരസ്ഥമാക്കാനായി ഭരണകൂട അട്ടിമറിക്ക് അമേരിക്ക പദ്ധതിയിടുന്നതായി അവിടുത്തെ സർക്കാർ ഇന്നലെ ആരോപിച്ചു. യുഎന്നിൽ വിഷയം ഉന്നയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.