ഇന്ത്യയിൽ വൻ എഐ നിക്ഷേപം നടത്തും: ഗുഗിൾ മേധാവി
Thursday, February 13, 2025 3:14 AM IST
പാരീസ്: നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട വൻപദ്ധതികൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ. പാരീസിൽ നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ സഹ അധ്യക്ഷസ്ഥാനം വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിൾ മേധാവിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ എഐ സംരംഭങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ സുന്ദർപിച്ചൈ വിശദീകരിച്ചത്. ഇന്ത്യയിലെ ഡിജിറ്റല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനു ഗൂഗിൾ സഹകരിക്കുമെന്നും പിച്ചൈ അറിയിച്ചു.
ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതില്‍ സന്തോഷമുണ്ടെന്നും പിച്ചൈ അറിയിച്ചു. എഐ ഇന്ത്യയിൽ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഗൂഗിളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് നിര്‍മിത ബുദ്ധിയെന്ന് നേരത്തേ ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു. എഐയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപകടം.
എഐയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനൊപ്പം തന്നെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടാകണമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
കൃത്യത സംബന്ധിച്ച പ്രശ്നങ്ങള്‍, ദുരുപയോഗ സാധ്യതകള്‍, ഡിജിറ്റല്‍ ഡിവൈഡിലൂടെ വരുന്ന അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.