ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണം
Friday, December 20, 2024 1:06 AM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമതകേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമസേന നടത്തിയ ആക്രമണങ്ങളിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രേലി സേന വെടിവച്ചിട്ടതിനു പിന്നാലെയാണ് യെമനിൽ ആക്രമണമുണ്ടായത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളും വൈദ്യുതിവിതരണ സംവിധാനങ്ങളുമാണ് ഇസ്രയേൽ ആക്രമിച്ചത്. 14 ഇസ്രേലി യുദ്ധവിമാനങ്ങൾ രണ്ടു ഘട്ടമായി ഹുദെയ്ദ പ്രവിശ്യയിലെ സാലിഫ്, റാസ് ഈസ തുറമുഖങ്ങളിലും തലസ്ഥാനമായ സനായിലെ വൈദ്യുതി സ്റ്റേഷനുകളിലും ബോംബിട്ടു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായെന്ന് ഹൂതികൾ പറഞ്ഞു.
നേരത്തേ ഇസ്രേലി സേന വെടിവച്ചിട്ട ഹൂതി മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് സെൻട്രൽ ഇസ്രയേലിലെ റമാത്ത് ഇഫാൽ പട്ടണത്തിലെ സ്കൂൾ കെട്ടിടം തകർന്നു. ആളപായമില്ലെന്നാണു റിപ്പോർട്ട്.
തിങ്കളാഴ്ച അമേരിക്കൻ സേനയും ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ കഴിഞ്ഞവർഷം നവംബർ മുതൽ പലസ്തീനു പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകൾ ആക്രമിക്കുന്നുണ്ട്. ഇസ്രയേലിലും ആക്രമണത്തിനു മുതിർന്നിട്ടുണ്ട്.