അഫ്ഗാനിൽ പോളിയോ വാക്സിനേഷൻ നിർത്തലാക്കി താലിബാൻ തീവ്രവാദികൾ
Tuesday, September 17, 2024 1:49 AM IST
ദുബായ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ പോളിയോ വാക്സിനേഷൻ താത്കാലികമായി നിർത്തലാക്കിയതായി ഐക്യരാഷ്ട്ര സഭ.
പോളിയോ വ്യാപനം ഇതുവരെ തടയാൻ കഴിയാത്ത രണ്ട് രാജ്യങ്ങളിലൊന്നാണ് അഫ്ഗാൻ. പാക്കിസ്ഥാനാണു മറ്റൊരു രാജ്യം. സെപ്റ്റംബറിലെ വാക്സിനേഷൻ ആരംഭിക്കുന്നതിനു മുൻപായാണ് കാമ്പയിൻ നിർത്തലാക്കിയ വിവരം താലിബാൻ അറിയിക്കുന്നത്. താലിബാൻ സർക്കാർ വൃത്തങ്ങൾ ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാനും തയാറായിട്ടില്ല.
രാജ്യത്ത് ഈ വർഷം 18 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ആറു കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തിരുന്നത്.
കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് വാക്സിനേഷനെന്നാണു തീവ്രവാദികൾ ആരോപിക്കുന്നത്. വാക്സിനേഷൻ കാമ്പയിനുകൾക്കു നേരേ തീവ്രവാദി ആക്രമണം പതിവാണ്.