മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ: അർജന്റീനയിൽ തെരുവുയുദ്ധം
Friday, June 14, 2024 1:17 AM IST
ബുവേനോസ് ആരിസ്: അർജന്റീനയെ യുദ്ധക്കളമാക്കി പ്രസിഡന്റ് ഹാവിയർ മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ. ഈ പരിഷ്കാരങ്ങൾക്കെതിരേ തലസ്ഥാനമായ ബുവേനോസ് ആരീസിൽ തെരുവുയുദ്ധമാണു നടന്നത്.
സാന്പത്തിക പരിഷ്കാര പാക്കേജ് കോൺഗ്രസിലെ സെനറ്റ് പരിഗണിക്കുന്നതിനിടെ, ഇതിനെ എതിർക്കുന്നവർ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. കോൺഗ്രസിനു പുറത്ത് പ്രതിഷേധക്കാർ പോലീസിനു നേർക്ക് പെട്രോൾ ബോംബും കല്ലും എറിയുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനിടെ സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിനു പാക്കേജ് പാസായി.
വലതുപക്ഷ സാന്പത്തിക വിദഗ്ധനായ മിലേ അധികാരത്തിലേറി ആറുമാസമായിട്ടും അർജന്റീനയുടെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. രാജ്യത്തെ വാർഷിക പണപ്പെരുപ്പം മുന്നൂറു ശതമാനത്തിനടുത്താണ്. ജനസംഖ്യയുടെ പാതിയും ദാരിദ്ര്യരേഖയ്ക്കു താഴെയായി.
സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, പെൻഷൻ കുറയ്ക്കൽ, തൊഴിലവകാശങ്ങൾ എടുത്തുകളയുക എന്നിവ ഉൾപ്പെടുന്ന പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനാണു മിലേ ശ്രമിക്കുന്നത്.
ഇടതു പാർട്ടികളും ലേബർ യൂണിയനുകളും ഇതിനെ ശക്തമായി എതിർക്കുന്നു.
സംഘർഷത്തിൽ 20 പോലീസുകാർക്കു പരിക്കേറ്റു. 15 പേർ അറസ്റ്റിലായിട്ടുണ്ട്. ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണു പ്രതിഷേധം നടത്തിയെന്ന് മിലേ ആരോപിച്ചു.