ടെൽ അവീവിൽ റോക്കറ്റ് ആക്രമണം
Monday, May 27, 2024 1:47 AM IST
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ ഹമാസ് ഭീകരർ റോക്കറ്റാക്രമണം നടത്തി. തെക്കൻ ഗാസയിലെ റാഫയിൽനിന്ന് എട്ട് റോക്കറ്റുകൾ നഗരത്തിനു നേർക്കു വന്നുവെന്നാണു റിപ്പോർട്ട്.
ഭൂരിഭാഗവും ഇസ്രേലി സേന വെടിവച്ചിട്ടു. ഹെർസ്ലിയ അടക്കം മറ്റു ചില പട്ടണങ്ങളും റോക്കറ്റാക്രമണം നേരിട്ടു. ആർക്കും പരിക്കേറ്റില്ല. ടെൽ അവീവിൽ വൻ മിസൈൽ ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖ്വാസം ബ്രിഗേഡ് ടെലഗ്രാമിൽ പ്രഖ്യാപിച്ചു.
സ്കൂളിൽ ആക്രമണം; പത്തു മരണം
ഗാസയിലെ സ്കൂളിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജബലിയ പ്രാന്തത്തിലെ അൽ നസ്ല സ്കൂളിൽ ഡ്രോൺ ആക്രമണം ഉണ്ടാവുകയായിരുന്നു. പലസ്തീനികൾ സ്കൂളിനെ താത്കാലിക അഭയകേന്ദ്രമായി ഉപയോഗിക്കുന്നുണ്ട്.
ഇസ്രേലി സൈനികരെ പിടികൂടിയെന്ന്
വടക്കൻ ഗാസയിൽ ജബലിയയിലെ പോരാട്ടത്തിനിടെ ഇസ്രേലി സൈനികരെ പിടികൂടിയതായി ഹമാസ് അവകാശപ്പെട്ടു. അൽ ഖ്വാസം ബ്രിഗേഡ് വക്താവ് അബു ഉബെയ്ദയുടെ റിക്കാർഡ് ചെയ്ത സന്ദേശം അൽ ജസീറ ചാനലിലാണു വന്നത്. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവൊന്നും നല്കിയിട്ടില്ല. ഇസ്രേലി സേന ഇക്കാര്യം പൂർണമായി നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അവർ പറഞ്ഞത്.