‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
Monday, May 13, 2024 12:45 AM IST
തിബ്ലിസി: ജോർജിയൻ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന വിദേശ ഏജന്റ് നിയമത്തിനെതിരേ ജനം വീണ്ടും തെരുവിലിറങ്ങി. ശനിയാഴ്ച രാത്രി കനത്ത മഴയെ അവഗണിച്ച് പതിനായിരങ്ങൾ തലസ്ഥാനമായ തിബ്ലിസിയിൽ പ്രകടനം നടത്തി. ജോർജിയയുടെയും യൂറോപ്യൻ യൂണിയന്റെയും പതാകകൾ വഹിച്ചായിരുന്നു പ്രകടനം.
വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളെയും മാധ്യമങ്ങളെയും ലക്ഷ്യമിടുന്ന നിയമത്തിനെതിരേ ഒരു മാസമായി പ്രതിഷേധം നടക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ റഷ്യ നടപ്പാക്കിയ നിയമത്തിന്റെ മാതൃകയിലാണ് ജോർജിയൻ സർക്കാരും നിയമം ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
‘റഷ്യൻ നിയമം’ എന്നാണ് ഇതിനെ പ്രതിഷേധക്കാർ വിളിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള ജോർജിയയുടെ മോഹങ്ങൾക്കു നിയമം തടസം സൃഷ്ടിക്കുമെന്ന് യൂറോപ്യൻ നേതാക്കളും ചൂണ്ടിക്കാട്ടി.