സിറിയയിൽ ഇസ്രേലി ആക്രമണം; രണ്ടു മരണം
Thursday, February 22, 2024 12:38 AM IST
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ജനവാസ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നു സിറിയ ആരോപിച്ചു.
പടിഞ്ഞാറൻ ഡമാസ്കസിലെ കഫർ സൂസാ പ്രദേശത്തായിരുന്നു ആക്രമണം. പത്തുനില കെട്ടിടത്തിന്റെ നാലാം നിലയാണ് ലക്ഷ്യമിട്ടത്. കെട്ടിടത്തിനടുത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്കും സമീപത്തെ ഇറേനിയൻ സ്കൂളിന്റെ ബസിനും കേടുപാടുണ്ടായി. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ വ്യക്തമല്ല.
സിറിയയിൽ പ്രവർത്തിക്കുന്ന ഇറാൻകാരെ ലക്ഷ്യമിട്ട് ഇസ്രേലി സേന കൂടെക്കൂടെ ആക്രമണം നടത്താറുള്ളതാണ്.