ബന്ദിമോചനത്തിന് അന്ത്യശാസനം നൽകി ഇസ്രേലി നേതാവ്
Monday, February 19, 2024 11:23 PM IST
ടെൽ അവീവ്: ഹമാസ് ഭീകരർ മാർച്ച് പത്തിനകം എല്ലാ ബന്ദികളെയും സ്വതന്ത്രരാക്കിയില്ലെങ്കിൽ പതിനഞ്ചു ലക്ഷം പലസ്തീനികൾ തിങ്ങിക്കൂടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ആക്രമണം ആരംഭിക്കുമെന്ന് ഇസ്രേലി യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്സ് മുന്നറിയിപ്പു നല്കി.
റംസാൻ വ്രതമാരംഭിക്കുന്ന മാർച്ച് പത്തിനകം ബന്ദികളെ മോചിപ്പിക്കണമെന്നാണു മുൻ പ്രതിരോധമന്ത്രികൂടിയായ ഗാന്റ്സ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ റാഫയടക്കം എല്ലായിടത്തും യുദ്ധമുണ്ടാകും. ആൾനാശം കുറയ്ക്കാൻ ഈജിപ്തുമായും യുഎസുമായും ആലോചിച്ച് നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാഫയിലെ സൈനികനടപടി വലിയ ആൾനാശത്തിൽ കലാശിക്കുമെന്നു യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പു നല്കിയിട്ടുണ്ടെങ്കിലും പിന്നോട്ടില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാട്.
റാഫ അതിർത്തിയോടു ചേർന്ന ഈജിപ്ഷ്യൻ ഭാഗത്ത് ഒരു പ്രദേശം വലിയ മതിൽകെട്ടി തിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പലസ്തീൻ അഭയാർഥികളെ പാർപ്പിക്കാനാണിതെന്ന് സൂചനയുണ്ട്.
ഇതിനിടെ, ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,092 ആയി. 69,000 പേർക്കു പരിക്കേറ്റു.