ഡബ്ലിനിൽ കത്തിയാക്രമണം, സംഘർഷം
Saturday, November 25, 2023 12:50 AM IST
ലണ്ടൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ കത്തിയാക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റതോടെ വ്യാപക സംഘർഷം.
വ്യാഴാഴ്ച വൈകുന്നേരമാണു സംഘർഷം ആരംഭിച്ചത്. കത്തിയാക്രമണത്തിൽ അഞ്ചുവയസുകാരിക്കും ഒരു സ്കൂൾ ജീവനക്കാരിക്കും ഗുരുതര പരിക്കേറ്റു.
അക്രമിയിൽനിന്നു കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂൾ ജീവനക്കാരിക്കു ഗുരുതര പരിക്കേറ്റത്. അന്പതു വയസ് പ്രായമുള്ള അൾജീരിയൻ അഭയാർഥിയാണു കത്തിയാക്രമണം നടത്തിയതെന്നു റിപ്പോർട്ടുണ്ട്.
20 വർഷം മുന്പ് അയർലൻഡിലെത്തിയ ഇയാൾ ഐറിഷ് പൗരനാണ്. കത്തിയാക്രമണത്തെ ഡബ്ലിൻ ആർച്ച്ബിഷപ് ഡെർമോട്ട് ഫാരൽ അപലപിച്ചു. നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിച്ചത് പൈശാചികമാണെന്ന് അദ്ദേഹം പറഞ്ഞു.
കത്തിയാക്രമണത്തിന്റെ വാർത്ത പുറത്തുവന്നതോടെ അഞ്ഞൂറോളം പേർ ഡബ്ലിനിലെ തെരുവിലിറങ്ങി ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, ഇരുന്പുവടികളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
11 പോലീസ് വാഹനങ്ങൾക്കും ഒരു ട്രാമിനും ഒരു ബസിനും പ്രതിഷേധക്കാർ തീയിട്ടു. 13 കടകൾ തകർത്ത് അക്രമികൾ കൊള്ളയടിച്ചു. കുടിയേറ്റക്കാർക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും എതിരേയുള്ള പ്രതിഷേധമാണ് ഡബ്ലിനിൽ അരങ്ങേറിയത്. നാനൂറോളം പോലീസുകാരെ വിന്യസിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി. ഡബ്ലിനിൽ ട്രാമുകളും ബസുകളും സർവീസ് നിർത്തിവച്ചു.
ഇന്നലെ വീട്ടിലിരുന്നു ജോലി ചെയ്യാൻ വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്കു നിർദേശം നല്കി. സംഘർഷവുമായി ബന്ധപ്പെട്ട് 34 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂർ നീണ്ട സംഘർഷത്തിൽ നിരവധി പോലീസ് ഓഫീസർമാർക്കു പരിക്കേറ്റു.
ഡബ്ലിനിലെ അക്രമത്തെ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ അപലപിച്ചു അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജനാണ് ലിയോ വരാഡ്കർ.