ജെറീക്കോ പലസ്തീന്റെ പൈതൃകകേന്ദ്രം
Monday, September 18, 2023 1:09 AM IST
റിയാദ്: ജെറീക്കോ നഗരത്തെ പലസ്തീനിലെ ലോക പൈതൃകകേന്ദ്രമായി അംഗീകരിക്കാൻ തീരുമാനം. സൗദിയിൽ ചേർന്ന യുഎൻ ലോക പൈതൃക കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പിലൂടെയാണു തീരുമാനം പാസായത്. യുഎൻ സാംസ്കാരിക സംഘടനയായ യുനെസ്കോയാണു യോഗം സംഘടിപ്പിച്ചത്. അതേസമയം, തീരുമാനം ഇസ്രയേലിനെ പ്രകോപിപ്പിച്ചേക്കും.
പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ജെറീക്കോ, ഇപ്പോഴും മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. അതേസമയം, പ്രദേശം ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. 1967ലെ യുദ്ധത്തിൽ ഗാസ പ്രദേശങ്ങളും കിഴക്കൻ ജറുസലേമും വെസ്റ്റ്ബാങ്കും ഇസ്രയേൽ നിയന്ത്രണത്തിലാക്കുകയായിരുന്നു.
പലസ്തീൻ 2011 മുതൽ യുനെസ്കോയിൽ അംഗമാണ്. പലസ്തീനോടു പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് ഇസ്രയേൽ 2019ൽ യുനെസ്കോ അംഗത്വം ഉപേക്ഷിച്ചിരുന്നു.
എന്നാൽ, യുനസ്കോയ്ക്കുവേണ്ടി പൈതൃക കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന ലോക പൈതൃക കമ്മിറ്റിയിൽ ഇസ്രയേൽ ഇപ്പോഴും അംഗമാണ്. റിയാദിലെ യോഗത്തിൽ ഇസ്രയേലും പങ്കെടുത്തു.