ലിബിയയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാർ മോചിതരായി
Sunday, June 4, 2023 11:31 PM IST
ട്രിപ്പോളി: ലിബിയയിലെ സായുധഗ്രൂപ്പ് തടവിലാക്കിയ ഒന്പത് ഇന്ത്യൻ കപ്പൽ ജീവനക്കാരെ വിട്ടയച്ചു. ടുണീഷ്യയിലെ ഇന്ത്യൻ അംബാസഡർ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ ഇവരെ സ്വീകരിച്ചു.
ഉത്തർപ്രദേശിൽനിന്നുള്ള അഞ്ചും രാജസ്ഥാൻ, ബംഗാൾ, ഹിമാചൽപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഓരോ ആളുമാണു സംഘത്തിലുള്ളത്. വീസ നടപടികൾ പൂർത്തിയാക്കിയാൽ ഇന്ത്യയിലേക്കു മടങ്ങും.
മാൾട്ടയിൽനിന്നു ട്രിപ്പോളിയിലേക്ക് എണ്ണയുമായി വന്ന എംടി മായ കപ്പലിലെ ജീവനക്കാരാണിവർ. ഫെബ്രുവരി മധ്യത്തിൽ ലിബിയൻ തീരത്തെത്തിയ കപ്പൽ കേടായപ്പോൾ സായുധസംഘം തട്ടിക്കൊണ്ടുപോയെന്നാണു ടുണീഷ്യയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചത്.