അനാട്ടമി ഓഫ് ഫാളിന് പാം ഡി ഓർ
Monday, May 29, 2023 12:17 AM IST
പാരീസ്: കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം ഫ്രാൻസിൽനിന്നുള്ള ‘അനാട്ടമി ഓഫ് ഫാൾ’ സ്വന്തമാക്കി. സംവിധായിക ജസ്റ്റിൻ ട്രയ്റ്റ് പുരസ്കാരം ഏറ്റുവാങ്ങി. 1955ൽ കാൻ ചലച്ചിത്രോത്സവം ആരംഭിച്ചശേഷം പാം ഡി ഓർ നേടുന്ന മൂന്നാമത്തെ വനിതയാണ് ഇവർ. ഭർത്താവിന്റെ മരണത്തിൽ പ്രതിസ്ഥാനത്താകുന്ന എഴുത്തുകാരിയുടെ കഥയാണ് ‘അനാട്ടമി ഓഫ് ഫാൾ’ പറയുന്നത്.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്സ് പുരസ്കാരം ബ്രിട്ടീഷുകാരൻ ജോനാഥൻ ഗ്ലേസർ സംവിധാനം ചെയ്ത ‘ദ സോൺ ഓഫ് ഇന്ററസ്റ്റ്’ നേടി. ഈ ചിത്രത്തിലും അനാട്ടമി ഓഫ് ഫാൾ സിനിമയിലും നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജർമൻ നടി സാന്ദ്രാ ഹുള്ളർ ആണ്.
ജർമൻ സംവിധായകൻ വിം വെൻഡേഴ്സിന്റെ ‘പെർഫെക് ഡെയ്സ്’ എന്ന ചിത്രത്തിൽ ടോക്കിയോയിലെ ടോയ്ലെറ്റുകൾ വൃത്തിയാക്കുന്ന മധ്യവയസ്കനെ അവതരിപ്പിച്ച കോജി യാക്കൂഷോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘എബൗട്ട് ഡ്രൈ ഗ്രാസസ്’ ചിത്രത്തിലൂടെ തുർക്കിയിലെ മെർവേ ഡിസ്ഡാർ മികച്ച നടിയായി. പോട് ഒൗ ഫ്യൂ എന്ന ചിത്രത്തിലൂടെ വിയറ്റ്നാം-ഫ്രഞ്ച് സംവിധായകൻ ട്രാൻ ആൻ ഹംഗ് മികച്ച സംവിധായകനായി.
‘ഇന്ത്യാന ജോൺസ് ആൻഡ് ഡയൽ ഓഫ് ഡെസ്റ്റിനി’ ചിത്രത്തിന്റെ പ്രദർശനത്തിനു മുന്നോടിയായി ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന് ഓണററി പാം ഡി ഓർ സമ്മാനിച്ചിരുന്നു.