സ്റ്റുഡന്റ് വീസ:കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ
Thursday, May 25, 2023 1:07 AM IST
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: സ്റ്റുഡന്റ് വീസയിൽ എത്തുന്നവർക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടൻ. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്കു തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്കു കൊണ്ടുവരാം എന്ന നിയമമാണ് അടുത്ത ജനുവരിയിൽ പിൻവലിക്കുന്നത്.
2024 ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, പിഎച്ച്ഡി കോഴ്സുകള്‍ക്കും അതുപോലെ ചില പ്രത്യേക മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ക്കും ചേരുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ആശ്രിതവീസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അനുവാദമുണ്ടാവുക.
പിൻവാതിൽ പ്രവേശനം
നേരത്തേ ഒരു വര്‍ഷത്തെ കോഴ്സുകള്‍ക്ക് എത്തുന്നവര്‍ക്കു മുതൽ എല്ലാവര്ക്കും ആശ്രിതരെ കൊണ്ടുവരാമായിരുന്നു. വിദ്യാഭ്യാസ കുടിയേറ്റത്തെ മറയാക്കി കഴിഞ്ഞ കുറേ വർഷങ്ങളിലായി നടന്നുവന്നിരുന്ന അനധികൃത കുടിയേറ്റത്തിനു തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫീസ് രംഗത്തുവന്നത്.
ബ്രിട്ടനിൽ വിദ്യാർഥി വീസയിൽ എത്തിയ ശേഷം അവരുടെ ആശ്രിത വീസയിൽ എത്തുന്നവർ ജോലികൾ കണ്ടെത്തി മറ്റു വീസകളിലേക്കു മാറും. ഇങ്ങനെ ഒരു പിൻവാതിൽ പ്രവേശന മാർഗമായി ഇതു മാറുന്നതു കണ്ടതോടെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
കെയറർ വീസ
വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ ശേഷം പഠനം പൂർത്തിയാകുന്നതിനു മുൻപേ സീനിയർ കെയറർ ഉൾപ്പെടെ ഉള്ള മറ്റു വീസകളിലേക്കു മാറുന്ന വകുപ്പും ഇല്ലാതാക്കിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വീസയിലേക്കു മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും.
നീതിബോധമോ മനഃസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരേ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് അറിയിച്ചിട്ടുണ്ട്.
പോസ്റ്റ് സ്റ്റഡി വീസ
ഡിഗ്രി തലം മുതൽ പഠിക്കാൻ എത്തുന്നവർക്കു പഠന ശേഷം പിന്നീടുള്ള രണ്ടു വർഷം ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വീസ സമ്പ്രദായത്തിനും നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടനിലേക്ക് 2024 മുതൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികൾ അവരുടെ ജീവിതച്ചെലവിനു വേണ്ടിയുള്ള തുക ബാങ്കിൽ ഉണ്ടെന്നുകൂടിയുള്ള തെളിവ് സമർപ്പിച്ചാൽ മാത്രമേ സ്റ്റുഡന്റ് വീസ ലഭിക്കൂ എന്നൊരു നിയമവും പ്രാബല്യത്തിൽ വരും.