ജാക് മാ വീണ്ടും പൊതുവേദിയിൽ
Monday, March 27, 2023 11:34 PM IST
ബെയ്ജിംഗ്: ഓൺലൈൻ വാണിജ്യ വെബ്സൈറ്റായ ആലിബാബയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക് മാ വീണ്ടും ചൈനയിൽ പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടു. മൂന്നു വർഷം മുന്പ് ചൈനയിലെ സാന്പത്തിക നിയന്ത്രണങ്ങളെ വിമർശിച്ചതിനു പിന്നാലെ അദ്ദേഹം എതാണ്ട് അജ്ഞാതവാസത്തിലായിരുന്നു.
ആലിബാബയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഹാംഗ്ഷൗ നഗരത്തിലെ ഒരു സ്കൂൾ ജാക് മാ കഴിഞ്ഞദിവസം സന്ദർശിച്ചു. മുൻ അധ്യാപകൻകൂടിയായ അദ്ദേഹം കുട്ടികളുമായും അധ്യാപകരുമായും സംസാരിച്ചു.
2020 ഒക്ടോബറിൽ ഒരു സാന്പത്തികാര്യ ഉച്ചകോടിയിൽവച്ചാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ സാന്പത്തിക നിയന്ത്രണങ്ങൾക്കെതിരേ ജാക് മാ വിരൽചൂണ്ടിയത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഓഹരി ഇഷ്യൂ ചൈനീസ് സർക്കാർ റദ്ദാക്കി.
ജാക് മായെ വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുകൾ വന്നു. ചൈനയ്ക്കു പുറത്തുകടന്ന ജാക് മാ സ്പെയിൻ, നെതർലൻഡ്സ്, തായ്ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണുള്ളതെന്ന് അഭ്യൂഹങ്ങളും പരന്നു. കുറച്ചുനാളായി ജാക് മാ ടോക്കിയോയിലാണുള്ളതെന്ന് കഴിഞ്ഞമാസം റിപ്പോർട്ട് വന്നിരുന്നു.