നേപ്പാളി കോൺഗ്രസ് 55 സീറ്റിൽ വിജയിച്ചു, സർക്കാർ രൂപീകരിക്കാൻ ചർച്ച തുടങ്ങി
Thursday, December 1, 2022 11:50 PM IST
കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 55 സീറ്റോടെ നേപ്പാളി കോൺഗ്രസ് (എൻസി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
മറ്റു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി മുതിർന്ന എൻസി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ പ്രകാശ് മാൻ സിംഗ് പറഞ്ഞു. മുഴുവൻ ഫലവും പറത്തുവന്നശേഷം പാർലമെന്ററി പാർട്ടി നേതാവിനെ പാർട്ടി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, നേപ്പാൾ പ്രധാനമന്ത്രിയും എൻസി പ്രസിഡന്റുമായ ഷേർ ബഹാദൂർ ദുബെ ജനമത് പാർട്ടി ചെയർമാൻ സി.കെ. റൗത്തുമായി കൂടിക്കാഴ്ച നടത്തി. ചെറു കക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപവത്കരിക്കുയാണു ദുബെയുടെ ലക്ഷ്യം.
എൻസി വൈസ് പ്രസിഡന്റ് പുർണ ബഹാദൂർ ഖദ്ക സിപിഎൻ-മാവോയിസ്റ്റ് പാർട്ടി ചെയർമാൻ പുഷ്പ കമാൽ ദഹാലുമായി (പ്രചണ്ഡ) ചർച്ച നടത്തി. നിലവിലെ സഖ്യം തുടരുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ഫലം പ്രഖ്യാപിച്ച 162 സീറ്റിൽ നേപ്പാളി കോൺഗ്രസ് 55 ഉം സിപിഎൻ-യുഎംഎൽ 44 സീറ്റും നേടി. മൂന്നു സീറ്റിലെ ഫലമാണ് ഇനി വരാനുള്ളത്.