പുടിന്റെ അണ്വായുധ ഭീഷണി ഗൗരവത്തിലെടുക്കണം: യൂറോപ്യൻ യൂണിയൻ
Saturday, September 24, 2022 11:42 PM IST
ബ്രസൽസ്: യുക്രെയ്ൻ യുദ്ധത്തിൽ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന റഷ്യൻ പ്രസിഡന്റ് പുടിന്റെ ഭീഷണിയെ ഗൗരവത്തോടെ എടുക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറെൽ.
യുദ്ധം അപകടകരമായ രീതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യൻ പട്ടാളം ശക്തമായ തിരിച്ചടിയാണു നേരിടുന്നത്. അണ്വായുധം പ്രയോഗിക്കുമെന്ന പുടിൻ ഭീഷണി മുഴക്കുന്നത് അത്ര നല്ല കാര്യമല്ല.
യുദ്ധം അവസാനിപ്പിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ ഊർജിതമാക്കണം. യുക്രെയ്ന്റെ അഖണ്ഡതയും പരമാധികാരവും ഉറപ്പുവരുത്തുന്ന പരിഹാരമാണു വേണ്ടത്. അല്ലെങ്കിൽ യുദ്ധം അവസാനിച്ചാലും സമാധാനമുണ്ടാവില്ല. അല്ലെങ്കിൽ മറ്റൊരു യുദ്ധമുണ്ടാകാനും സാധ്യതയുണ്ടെന്ന് ബോറൽ ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ യുദ്ധത്തിന് മൂന്നു ലക്ഷം കരുതൽസേനാംഗങ്ങളെക്കൂടി വിന്യസിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് റഷ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പുടിൻ ഭീഷണി മുഴക്കിയത്. ഇതു വെറുംവാക്കല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇങ്ങനെ സംസാരിക്കുന്നയാളെ ഗൗരവത്തോടെ കാണമെന്നാണ് ബോറൽ അഭിപ്രായപ്പെട്ടത്.
യുക്രെയ്നെ സഹായിക്കുന്നതു മൂലം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ആയുധക്ഷാമം നേരിടുന്നില്ല. അതേസമയം, ഊർജവിഭവങ്ങളുടെ വിലവർധന മൂലം ഗുരുതര പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും ബോറൽ അംഗീകരിച്ചു.