‘എൽ ചാപ്പോ’യുടെ ഭാര്യ അറസ്റ്റിൽ
Tuesday, February 23, 2021 11:55 PM IST
വാഷിംഗ്ടണ്‍ ഡിസി: മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’യുടെ ഭാര്യ അമേരിക്കയിൽ അറസ്റ്റിൽ. വാഷിംഗ്ടണ്‍ ഡിസിയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് മുപ്പത്തൊന്നുകാരിയായ എമ്മ കൊറോണെൽ ഐസ്പ്യുരോയെ അറസ്റ്റ് ചെയ്തത്.
ലഹരിക്കടത്തു സംശയിച്ചാണ് അറസ്റ്റ്. കൊക്കെയ്ൻ, മെത്താംഫിറ്റമിൻ, ഹെറോയിൻ, മാരിയുവാന എന്നിവ വിതരണം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് എമ്മയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ന്യൂ യോർക്ക് ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണു സിനലാവോ കാർട്ടലിന്റെ മുൻ തലവനായ ഹോക്വിൻ എൽ ചാപ്പോ ഗുസ്മാൻ. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്ന് എത്തിച്ചിരുന്നത് ഇയാളാണെന്നാണ് പറയപ്പെടുന്നത്.
സൗന്ദര്യമത്സരത്തിലെ ജേതാവും ജേർണലിസം വിദ്യാർഥിനിയുമാണ് ഇരട്ടക്കുട്ടികളുടെ അമ്മയായ എമ്മ. 17 വയസിലാണു താൻ ഗുസ്മാനെ പരിചയപ്പെടുന്നതെന്ന് എമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.