ഫ്രാൻസ്: ഒരാൾകൂടി അറസ്റ്റിൽ
Monday, October 19, 2020 12:37 AM IST
പാരീസ്: കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കഴുത്തറത്തു കൊന്ന കേസിൽ അക്രമിയുടെ സുഹൃത്തിനെക്കൂടി അറസ്റ്റ് ചെയ്തതായി ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഇപ്പോൾ പതിനൊന്നു പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. അക്രമിയെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പോലീസ് വെടിവച്ചു കൊന്നിരുന്നു.
അക്രമിയുമായി ബന്ധമുള്ളവരും അധ്യാപകനെതിരായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരുമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സംഭവം നടന്ന കോൺഫ്ളാൻസ് - സെന്റ് - ഹോസോരീ പട്ടണത്തിൽനിന്നും 90 കിലോ മീറ്റർ അകലെ എവ്റോ പട്ടണത്തിലാണ് കൊലപാതകിയുടെ കുടുംബം താമസിച്ചിരുന്നത്.

സ്കൂൾ വിട്ടതിനുശേഷം വീട്ടിലേക്കു പോകുന്ന വഴിക്കാണ് അധ്യാപകനുനേരേ അക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ തലയിലും നെഞ്ചിലും വയറ്റിലും നിരവധി കുത്തുകളേറ്റു. ശിരസ് വിച്ഛേദിക്കുകയും ചെയ്തു. ഇന്നലെ ഫ്രാൻസിലെ എല്ലാ സ്ഥലങ്ങളിലുംതന്നെ പ്രതിഷേധ പ്രകടനങ്ങളും റാലികളും നടന്നു.