കോവിഡ്-19: ലോകത്ത് മരണം 70,000 കടന്നു, യൂറോപ്പിൽ 50,000
Tuesday, April 7, 2020 12:09 AM IST
പാരീസ്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70,000 കടന്നു. യൂറോപ്പിൽ മാത്രം മരണം 50,000 ആയി. ഇറ്റലിയിൽ മാത്രം മരണം 15,877 ആയി. രണ്ടാമതുള്ള സ്പെയിനിൽ 13,055 പേർ മരിച്ചു. അമേരിക്ക( 9648), ഫ്രാൻസ്(8078), ബ്രിട്ടൻ(4934) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ മരണസംഖ്യ.
ലോകത്താകെ 13 ലക്ഷത്തോളം പേർക്കു കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ 338,000 പേർക്കാണു രോഗബാധയുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 135,032 പേർക്കാണു രോഗം ബാധിച്ചത്. ഇറ്റലിയിൽ 128,948 പേർ രോഗബാധിതരായി.
ഇതിനിടെ സ്പെയിൽനിന്ന് ആശ്വാസ വാർത്തയെത്തി. തുടർച്ചയായ നാലാം ദിവസവും മരണത്തിൽ കുറവുണ്ടായി. 24 മണിക്കൂറിനിടെ സ്പെയിനിൽ 637 പേരാണു മരിച്ചത്. രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. കഴിഞ്ഞ വ്യാഴാഴ്ച 950 പേരായിരുന്നു മരിച്ചത്.