ധാക്ക ബോംബാക്രമണം: പത്തുപേർക്കു വധശിക്ഷ
Monday, January 20, 2020 11:34 PM IST
ധാക്ക: ധാക്കയിൽ 2001ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ റാലിക്കു നേരേ ബോംബെറിഞ്ഞ പത്ത് ഇസ്ലാമിസ്റ്റുകൾക്ക് കോടതി വധശിക്ഷ വിധിച്ചു. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നിരോധിത ഹർക്കത്തുൾ ജിഹാദ് അൽ ഇസ്ലാമി എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണു പ്രതികൾ. പ്രതികൾക്ക് 281 ഡോളർ വീതം പിഴയും നൽകി.
ആകെയുള്ള 13 പ്രതികളിൽ ആറുപേരെ അവരുടെ അസാന്നിധ്യത്തിലാണു ശിക്ഷിച്ചത്. ഇവരെ ഇനിയും പിടികൂടിയിട്ടില്ല. നാലു പ്രതികൾ കോടതിയിൽ എത്തി. രണ്ടു പേരെ വെറുതെ വിട്ടു. മുഖ്യപ്രതി മുഫ്തി അബ്ദുൾ ഹന്നാനെ മറ്റൊരു കേസിൽ നേരത്തെ തൂക്കിലേറ്റി. ധാക്ക മെട്രൊപ്പൊലിറ്റൻ സെഷൻസ് കോടതി വിധിക്കെതിരേ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.