ജോൺസൻ നുണയനെന്നു മുൻ പ്രധാനമന്ത്രി കാമറോൺ
Monday, September 16, 2019 12:21 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ നുണയനും അധികാരമോഹിയുമാണെന്നു ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു കാരണക്കാരനായ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. ബ്രെക്സിറ്റിനെ നഖശിഖാന്തം എതിർത്തിരുന്ന ജോൺസൻ അധികാരമോഹം മൂലമാണു പെട്ടെന്നു നിലപാടു മാറ്റി ബ്രെക്സിറ്റ് ക്യാന്പിൽ എത്തിയതെന്ന് ഫോർ ദി റെക്കോർഡ് എന്ന ഒാർമക്കുറിപ്പിൽ കാമറോൺ ആരോപിച്ചു.
ബ്രെക്സിറ്റ് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് ജോൺസന് അഭിപ്രായമില്ലായിരുന്നു. രണ്ടാമതൊരു ഹിതപരിശോധനയ്ക്കും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിപദം കിട്ടാൻ സാധ്യതയുണ്ടെന്നു തോന്നിയതിനാൽ ബ്രെക്സിറ്റിന്റെ ചാന്പ്യനായി മാറുകയായിരുന്നുവെന്ന് ജോൺസന്റെ സഹപാഠി കൂടിയായ കാമറോൺ ആരോപിച്ചു. ജോൺസൻ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേലിനെതിരേയും കാമറോൺ രൂക്ഷവിമർശനമുയർത്തി.
കാമറോൺ മന്ത്രിസഭയിൽ തൊഴിൽവകുപ്പു കൈകാര്യം ചെയ്തിരുന്ന പ്രീതി കിട്ടിയ അവസരത്തിലെല്ലാം സർക്കാരിന്റെ ഇമിഗ്രേഷൻ നയത്തിനെതിരേ ആഞ്ഞടിച്ചു.
സർക്കാരിന്റെ ഭാഗമാണു താനെന്ന കാര്യം വിസ്മരിച്ചുകൊണ്ടുള്ള അവരുടെ പ്രവർത്തനം തന്നെ ഞെട്ടിച്ചെന്ന് കാമറോൺ പറഞ്ഞു. ബ്രെക്സിറ്റിന് രക്തസാക്ഷിയെ സൃഷ്ടിക്കേണ്ടെന്നു കരുതിയാണ് അവരെ പുറത്താക്കാത്തത്.
“ഹിതപരിശോധന കഴിഞ്ഞു. ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ടു കാര്യമില്ല. കാമറോൺ മന്ത്രിസഭയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്”- പ്രീതി പട്ടേൽ പ്രതികരിച്ചു.
എന്തുവന്നാലും ഒക്ടോബർ 31നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നു ബോറീസ് ജോൺസൻ വ്യക്തമാക്കി. ‘ദി ഇൻക്രെഡിബിൽ ഹൽക്ക്’ എന്ന കാർട്ടൂൺ കഥാപാത്രത്തെപ്പോലെ എത്ര കെട്ടുകെട്ടിയാലും അതെല്ലാം പൊട്ടിച്ച് പുറത്തുവരുമെന്ന് ജോൺസൻ പറഞ്ഞു. കാമറോണിന്റ ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.