വത്തിക്കാനിൽ വിദ്യാഭ്യാസ സമ്മേളനം; ലോകനേതാക്കളെ ക്ഷണിച്ച് മാർപാപ്പ
Thursday, September 12, 2019 11:50 PM IST
വത്തിക്കാൻ സിറ്റി: കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സമഗ്രപരിഷ്കാരം ലക്ഷ്യമിട്ട് അടുത്ത വർഷം വത്തിക്കാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ലോകമെന്പാടുമുള്ള മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം.
റീ ഇൻവെന്റിംഗ് ഗ്ലോബൽ എജ്യുക്കേഷണൽ അലയൻസ് എന്ന പേരിൽ മേയ് 14നാണു യോഗം.
സാമൂഹിക, സാന്പത്തിക, പരിസ്ഥിതി മേഖലകളിലെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കുകയാണ് ലക്ഷ്യം.
മനുഷ്യാവകാശങ്ങൾ, സമാധാനം, മതാന്തരസംവാദം, കുടിയേറ്റം, സാന്പത്തിക നീതി, അന്താരാഷ്ട്ര സഹകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
കുട്ടികളുടെ ഭാവിയിൽ ഉത്കണ്ഠയുള്ള ലോക നേതാക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് വീഡിയോ സന്ദേശത്തിൽ മാർപാപ്പ അഭ്യർഥിച്ചു.
ആരെയെങ്കിലും പ്രത്യേകമായി ക്ഷണിക്കുന്നുണ്ടോയെന്നു വത്തിക്കാൻ വ്യക്തമാക്കിയില്ല.
അടുത്തമാസം മുതൽ ഏപ്രിൽ വരെ മുന്നൊരുക്ക യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അബുദാബി, ഇറ്റലി, വത്തിക്കാൻ എന്നിവിടങ്ങളിലായിരിക്കും ഇത്.