ആമസോൺ അഗ്നിബാധ: ആശങ്കയോടെ മാർപാപ്പ
Monday, August 26, 2019 12:18 AM IST
വത്തിക്കാൻസിറ്റി: ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഈ മഴക്കാടുകളിലെ തീ എത്രയും വേഗം അണയ്ക്കേണ്ടതുണ്ട്. ഇതിനായി വിശ്വാസികൾ പ്രാർഥിക്കണമെന്ന് ഇന്നലെ ത്രികാലജപത്തിനുശേഷം നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
മഴക്കാടുകൾ കത്തിനശിക്കുന്നതിൽ ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏറെ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
അഗ്നിശമന പ്രവർത്തനങ്ങൾക്കായി ബ്രസീൽ ഭരണകൂടം സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായി 44,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ജി7ലെ വിമർശനത്തെത്തുടർന്നാണ് സൈന്യത്തെ അയയ്ക്കാൻ ബ്രസീൽ പ്രസിഡന്റ് ബോൽസൊനാരോ തയാറായത്.
ആമസോൺ മഴക്കാടുകളുടെ 60ശതമാനം ബ്രസീലിലാണ്.ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് ശേഷിക്കുന്ന 40ശതമാനം മഴക്കാടുകൾ. ലോകത്തെ ഒാക്സിജന്റെ 20ശതമാനം ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണിലായതിനാലാണ് ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോണിനെ വിളിക്കുന്നത്. കനത്ത തീപിടിത്തം ബഹിരാകാശത്തുനിന്നുള്ള ഫോട്ടോകളിൽ വരെ ദൃശ്യമാണ്.
ആമസോണിലെ തീപിടിത്തം മൂലം ബുദ്ധിമുട്ടുനേരിടുന്ന എല്ലാ രാജ്യങ്ങൾക്കും ആവശ്യമായ സഹായം നൽകുമെന്നു ജി7 ഉച്ചകോടി ഉറപ്പുനൽകിയെന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ വ്യക്തമാക്കി.