അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളെ പുറത്താക്കി
Sunday, August 10, 2025 2:16 AM IST
ന്യൂഡൽഹി: അംഗീകാരം ലഭിക്കാത്ത 334 രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പു കമ്മീഷൻ പട്ടികയിൽനിന്ന് ഒഴിവാക്കി. കേരളത്തിൽനിന്നുള്ള ഏഴു രാഷ്ട്രീയപാർട്ടികളും പട്ടികയിൽനിന്നു പുറത്തായി.
കഴിഞ്ഞ ആറു വർഷമായി ഒരു തെരഞ്ഞെടുപ്പിൽപ്പോലും മത്സരിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതോടെ പാർട്ടി ഫണ്ടിലേക്കു സംഭാവനകൾ സ്വീകരിക്കാനോ ഓഫീസുകൾ സ്ഥാപിക്കാനോ സാധിക്കില്ല. നികുതിയിളവുകൾ അടക്കമുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇല്ലാതാകും. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണു നടപടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ പട്ടികപ്രകാരം ആറു ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമാണുള്ളത്. രജിസ്റ്റർ ചെയ്തെങ്കിലും അംഗീകാരം ലഭിക്കാത്ത 334 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കിയതോടെ ഈ ഗണത്തിൽ ഇനി അവശേഷിക്കുന്നത് 2520 പാർട്ടികളാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു കമ്മീഷന്റെ നീക്കം. 17 രാഷ്ട്രീയ പാർട്ടികളെയാണു ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽനിന്നു നീക്കം ചെയ്തത്. പട്ടികയിൽനിന്നു പുറത്താക്കിയ സാഹചര്യത്തിൽ പാർട്ടിയുടെ പേരിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻ സാധിക്കില്ല.
കേരളത്തിൽ ഒഴിവാക്കപ്പെട്ട പാർട്ടികൾ
1. ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി
2. നാഷണൽ ഡെമോക്രറ്റിക് പാർട്ടി (സെക്കുലർ)
3.നേതാജി ആദർശ് പാർട്ടി
4. റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
5.റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) ആർഎസ്പി-ബി
6. സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി
7. സോഷ്യൽ റിപ്പബ്ലിക്കൻ പാർട്ടി