കൊലക്കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
Thursday, July 17, 2025 2:03 AM IST
ബംഗളൂരു: കൊലക്കേസിൽ കർണാടക ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ഭാരതി ബസവരാജ് അറസ്റ്റിൽ. ബിക്ലു ശിവു എന്നറിയപ്പെടുന്ന ശിവപ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശിവപ്രകാശിന്റെ അമ്മ വിജയലക്ഷ്മിയുടെ പരാതിയിലാണ് എംഎൽഎ അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഭാരതിനഗറിലായിരുന്നു സംഭവം. കാറിലെത്തിയ അക്രമികൾ വീടിനു മുന്നിൽനിൽക്കുകയായിരുന്ന ശിവപ്രകാശിനെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളാണ് ശിവപ്രകാശ്. ഇയാൾ പിന്നീട് റിയൽഎസ്റ്റേറ്റ് ബിസിനസിലേക്കു തിരിഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറയുന്നു.
കേസിൽ അഞ്ചാം പ്രതിയാണ് ബിജെപി എംഎൽഎ. ജഗദീഷ്, കിരൺ, വിമൽ, അനിൽ എന്നിവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചു മാസംമുമ്പ് ശിവകുമാർ എംഎൽഎയ്ക്കും കൂട്ടാളികൾക്കും എതിരേ പരാതി നൽകിയിരുന്നു. തന്റെ സ്ഥലം ഭാരതി ബസവരാജ് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു പരാതി.