നടൻ ധീരജ് കുമാർ അന്തരിച്ചു
Wednesday, July 16, 2025 1:51 AM IST
മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും നിർമാതാവുമായ ധീരജ് കുമാർ (79)അന്തരിച്ചു. ന്യുമോണിയബാധയെത്തുടർന്ന് കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം.
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പവൻ ഹാൻസ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. 1965ൽ ഫിലിംഫെയർ സംഘടിപ്പിച്ച, രാജേഷ് ഖന്നയും സിനിമാ സംവിധായകൻ സുഭാഷ് ഖായിയും പങ്കെടുത്ത ടാലന്റ് ഫെസ്റ്റിൽ ഒന്നാമനായ ധീരജ്കുമാറിന് ബോളിവുഡ് പ്രവേശനം ദുഷ്കരമായിരുന്നില്ല.
1970ൽ പുറത്തിറങ്ങിയ രത്തൻ കാ രാജ ആണ് ആദ്യ ചിത്രം. മനോജ്കുമാറും ശശികുമാറും അമിതാഭ് ബച്ചനും സീനത്ത് അമനും അണിനിരന്ന റോട്ടി കപ്പടാ ഓർ മക്കാൻ(1974) ചിത്രത്തിലെ സഹനടന്റെ വേഷമാണ് ധീരജിനെ പ്രിയങ്കരനാക്കിയത്. പിന്നീട് സർഗം (1979), ക്രാന്തി (1981) എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും വേഷമിട്ടു.
1980കളിലെ വിക്സ് ആക്ഷൻ 500 ഗുളികയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് ധീരജാണ്. ഇരുപതിലേറെ പഞ്ചാബി സിനിമകളിലും അഭിനയിച്ചു.
1986ൽ ക്രിയേറ്റീവ് ഐ ലിമിറ്റഡ് എന്ന സിനിമ നിർമാണക്കന്പനിക്കു തുടക്കമിട്ടു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ പുരാണകഥാഖ്യാനങ്ങളെ മെഗാസീരിയലുകളാക്കി അവതരിപ്പിക്കുന്നതിൽ നിർമാണക്കന്പനി വൻ വിജയമായി.
1997 മുതൽ 2001 വരെ ദൂരദർശനിൽ പ്രദർശിപ്പിച്ച ഓം നമഃശിവായ, ശ്രീ ഗണേശ് എന്നീ മെഗാ സീരിയലുകളും രിശ്തോം കെ ബെൻവാർ മേം ഉൽജി നിയതി, അദാലത്, ഘർ കി ലക്ഷ്മി ബേട്ടിയാം എന്നിവയും ഏറെ പ്രക്ഷേകശ്രദ്ധ നേടി.