അഹമ്മദാബാദ് വിമാനദുരന്തം; നിഗമനങ്ങളല്ല വേണ്ടതെന്ന് പൈലറ്റുമാരുടെ സംഘടന
Tuesday, July 15, 2025 2:52 AM IST
മുംബൈ: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണ റിപ്പോർട്ടിനെ നിരാകരിച്ച് എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ്. നിഗമനങ്ങളല്ല മറിച്ച് വിശദമായതും വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതുമായി അന്വേഷണം ജീവനക്കാർ അർഹിക്കുന്നുണ്ടെന്ന് പൈലറ്റ് ഗിൽഡ് പറഞ്ഞു.
അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സാങ്കേതികമായ വിശദീകരണമില്ല. കോക്പിറ്റ് വോയിസ് റിക്കാർഡിലെ സംഭാഷണത്തിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. ഇതെല്ലാം ഏറെ അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നതിനും മാധ്യമങ്ങൾ തെറ്റായ വിവരണങ്ങൾ നൽകുന്നതിനും വഴിതെളിച്ചു.
ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഇന്ത്യ) എന്നീ സംഘടനകളും അന്വേഷണ റിപ്പോർട്ടിലെ നിഗമനങ്ങളെ ചോദ്യംചെയ്യുകയാണ്.
260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതാണ് അപകടകാരണമെന്ന് റിപ്പോർട്ട് പറയുന്നു.