സോഷ്യലിസവും മതേതരത്വവും ഒഴിവാക്കി; ഭരണഘടനാ പുസ്തകവുമായി സ്പീക്കർ
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാപുസ്തകം വിതരണം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൂട്ടിച്ചേർത്ത സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച്, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രംഗത്തെത്തിയതിനു പിന്നാലെയാണു സ്പീക്കറുടെ നടപടി.
പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്കായി സ്പീക്കർ ഇന്നലെ പാർലമെന്റ് മന്ദിരത്തിലെ ബാൻക്വറ്റ് ഹാളിൽ നടത്തിയ ഉച്ചവിരുന്നിനുശേഷം വിതരണം ചെയ്ത ഭരണഘടനാപുസ്തകത്തിലാണ് സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ ഒഴിവാക്കിയത്.
പതിവിനു വിരുദ്ധമായി മാധ്യമപ്രവർത്തകർക്കു വിതരണം ചെയ്ത ബാഗിലാണ് വിവാദ ഭരണഘടനാപുസ്തകം വച്ചിരുന്നത്. സുപ്രീംകോടതി ശരിവച്ച ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള ഭരണഘടനാ പുസ്തകങ്ങൾ നേരത്തേ എംപിമാർക്കായി പാർലമെന്റിൽ വിതരണം ചെയ്തതും വിവാദമായിരുന്നു.
സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത 1976ലെ 42-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി നേരത്തേ ശരിവച്ചിരുന്നു. ഭരണഘടനയുടെ പ്രിയാംബിളിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ കൂട്ടിച്ചേർത്ത നടപടിയെ ചോദ്യം ചെയ്തു നൽകിയ പൊതുതാത്പര്യ ഹർജികൾ 2024 നവംബറിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു.
സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിന്റെ അവിഭാജ്യഘടകമാണെന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. 44 വർഷത്തിനു ശേഷം അതിനെതിരേ ഹർജിയുമായി വരുന്നതുതന്നെ സംശയാസ്പദമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർത്തതിനെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു പരമോന്നത കോടതിയുടെ തീർപ്പ്.
സുപ്രീംകോടതി ശരിവച്ച ഭരണഘടനാഭേദഗതിയിലെ രണ്ടു പ്രധാന വാക്കുകൾ ഒഴിവാക്കി പാർലമെന്റിൽ സ്പീക്കർ തന്നെ ഭരണഘടനാ പുസ്തകം വിതരണം ചെയ്തതു നിയമവിരുദ്ധവും ഭരണഘടനയോടും ഉന്നത നീതിപീഠത്തോടുമുള്ള അവഹേളനവുമാണെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടി.