കീമിൽ തടസ ഹർജിയുമായി സിബിഎസ്ഇ വിദ്യാർഥികൾ
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ച് സിബിഎസ്ഇ വിദ്യാർഥികൾ.
തങ്ങളുടെ വാദം കേൾക്കാതെ കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കരുതെന്നാണ് സിബിഎസ്ഇ വിദ്യാർഥികളുടെ ആവശ്യം.
കീം റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയിൽ ഇന്നു പരാമർശിക്കും.
കീമിന്റെ പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ചയാണ് കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഓണ്‍ലൈനായി ഹർജി സമർപ്പിച്ചത്.
റാങ്ക് പട്ടികയിൽ മാറ്റം വരുത്തി പുതുക്കിയ പട്ടിക ഇറക്കിയതു തങ്ങളോടുള്ള നീതിനിഷേധമാണെന്നാണ് കേരള സിലബസ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.