മാരത്തൺ മുത്തശൻ ഫൗജ സിംഗ് വാഹനമിടിച്ചു മരിച്ചു
Wednesday, July 16, 2025 1:51 AM IST
ചണ്ഡിഗഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് പഞ്ചാബിലെ ജലന്ധർ ജില്ലയിൽ അജ്ഞാത വാഹനമിടിച്ചു മരിച്ചു, 114 വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബിയാസ് ഗ്രാമത്തിലായിരുന്നു അപകടം. എസ്യുവിയാണ് ഫൗജ സിംഗിനെ ഇടിച്ചുവീഴ്ത്തിയതെന്നാണു നിഗമനം.
ഏഴ് അടിയോളം ഉയരത്തിലേക്ക് ഫൗജ സിംഗ് തെറിച്ചുവീണെന്ന് ദൃക്സാക്ഷി പറഞ്ഞു. വീട്ടിൽനിന്ന് 400 മീറ്റർ അകലെയാണ് ഫൗജ സിംഗ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
1911 ൽ കർഷകകുടുംബത്തിലാണ് ഫൗജ സിംഗ് ജനിച്ചത്. 89-ാം വയസിലാണ് മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്. മാരത്തൺ മത്സരം പൂർത്തിയാക്കിയ ആദ്യ നൂറു വയസുകാരനാണ് ഇദ്ദേഹം.
ന്യൂയോർക്ക്, ഹോങ്കോംഗ്, ലണ്ടൻ എന്നിവ ഉൾപ്പെടെയുള്ള മാരത്തണുകളിൽ ഫൗജ സിംഗ് പങ്കെടുത്തിട്ടുണ്ട്. 2012 ലണ്ടൻ ഒളിന്പിക്സിനു ദീപശിഖയേന്തി. ഫൗജാ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.