നീറ്റ് പിജി : തീയതി നീട്ടാന്‍ സുപ്രീംകോടതി അനുമതി
Saturday, June 7, 2025 1:48 AM IST
ന്യൂഡല്‍ഹി: മെഡിക്കല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ 2025 (നീറ്റ് പിജി) ഓഗസ്റ്റ് മൂന്നിനു നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്സിനു (എന്‍ബിഇ) സുപ്രീംകോടതി അനുമതി നല്കി.
കോടതി നിര്‍ദേശിച്ച മാതൃകയില്‍ ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ അനുമതി തേടി എന്‍ബിഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
പരീക്ഷാ നടത്തിപ്പിന് ഇനിയും രണ്ടുമാസത്തോളം വേണ്ടിവരുമെന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ 250 നഗരങ്ങളിലായി ആയിരത്തിലധികം സെന്ററുകള്‍ വേണ്ടിവരുമെന്നതിനാൽ 60,000ത്തോളം പേരെ നിയമിക്കണമെന്നും സമയം കൂടുതല്‍ അനുവദിക്കണമെന്നും എന്‍ബിഇ ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ഷിഫ്റ്റുകളിലായി ജൂണ്‍ 15ന് പരീക്ഷ നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു.