മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ
Saturday, June 7, 2025 1:48 AM IST
ന്യൂഡൽഹി: മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യ ഒരു വിശ്വസ്ത വികസന പങ്കാളിയായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സുരക്ഷ മുതൽ വ്യാപാരം വരെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ-മധ്യേഷ്യ വ്യാപാര സമിതി യോഗത്തിൽ ജയ്ശങ്കർ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങൾ പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് ഈ രാജ്യങ്ങൾക്ക് വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.
കഴിഞ്ഞ ദശകത്തിൽ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര, സാന്പത്തിക ബന്ധം വർധിച്ചുവെന്ന് ജയ്ശങ്കർ വ്യക്തമാക്കി. നേരിട്ടുള്ള വിമാനസർവീസുകളും ഇരുവശങ്ങളിലേക്കുമുള്ള ടൂറിസത്തിന്റെയും വ്യാപാര വിനിമയത്തിന്റെയും വർധനയും ഈ ബന്ധം വളരാനുള്ള കാരണമായി. ഉന്നത വിദ്യാഭ്യാസം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ് മധ്യേഷ്യൻ രാജ്യങ്ങളെന്നും ജയ്ശങ്കർ പറഞ്ഞു.