മോദിയെ വിമർശിച്ച ഗുജറാത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Saturday, June 7, 2025 1:48 AM IST
അഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ഗുജറാത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സോണിയാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവും പിഴയും വരെ ലഭിക്കാം.
മോദി യുദ്ധവിമാന പൈലറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പോസ്റ്ററാണ് രാജേഷ് സോണി പങ്കുവച്ച ഒരു പോസ്റ്റ്. ദയവായി ശ്രദ്ധിക്കുക, സൈനികർക്ക് ഇതിന്റെ ബഹുമതി ലഭിക്കില്ല. ഇദ്ദേഹത്തിന്റെ പ്രചാരണച്ചെലവ് ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ പറത്തുന്നതിന്റെ ഇരട്ടിയായിരിക്കും- പോസ്റ്റിന് അടിക്കുറിപ്പായി സോണി ചേർത്തു.
വസ്തുതകൾ അറിയാമായിരുന്നിട്ടും, ഇന്ത്യൻ സർക്കാർ ഓപ്പറേഷനിൽ കീഴടങ്ങിയെന്ന് അവകാശപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സോണി ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. രാജേഷ് സോണിയുടെ അറസ്റ്റിനെ കോൺഗ്രസ് അപലപിച്ചു.