"ശാരീരിക ബന്ധം’എന്ന പദം ഉപയോഗിക്കുന്നത് ബലാത്സംഗമാണെന്നു തെളിയിക്കാൻ പര്യാപ്തമല്ല: ഡൽഹി ഹൈക്കോടതി
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: സഹായക തെളിവുകളില്ലാതെ കേവലം "ശാരീരിക ബന്ധം’എന്ന പദം ഉപയോഗിക്കുന്നതുകൊണ്ടു മാത്രം ബലാത്സംഗമോ ലൈംഗികാതിക്രമമോ ആണെന്നു തെളിയിക്കാൻ പര്യാപ്തമല്ലെന്ന് ഡൽഹി ഹൈക്കോടതി.
പോക്സോ കേസിൽ പത്തു വർഷം തടവുശിക്ഷ വിധിച്ചതിനെതിരേ അപ്പീൽ നൽകിയ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹം ചെയ്യാമെന്നു വാഗ്ദാനം നൽകി 16 വയസുള്ള പെണ്‍കുട്ടിയുമായി ഒരു വർഷത്തോളം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചു നൽകിയ പരാതിയിലാണ് അടുത്ത ബന്ധുവായ യുവാവിനെ കീഴ്ക്കോടതി പത്തു വർഷം തടവിനു ശിക്ഷിച്ചത്.
കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുന്പോൾ ശാരീരികബന്ധം എന്നതു ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശാരീരിക ബന്ധം നടന്നതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവർത്തിച്ചുപറഞ്ഞു. എന്നാൽ, ശാരീരിക ബന്ധം എന്നു പറഞ്ഞതിനെ പരാതിക്കാരിക്കു വിശദീകരിക്കാനോ വേണ്ടത്ര തെളിവുകൾ നൽകാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.