ഇന്ത്യ മുന്നണി സഖ്യപാർട്ടികളുടെ നേർക്കുനേർ പോരാട്ടം 11 മണ്ഡലങ്ങളിൽ
Wednesday, October 22, 2025 1:39 AM IST
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യ മുന്നണിയിൽ ഭിന്നത തുടരുന്നു. സഖ്യത്തിലെ പാർട്ടികൾ 11 മണ്ഡലങ്ങളിൽ നേർക്കുനേർ പോരാടുന്നു.
സഖ്യത്തിലെ പ്രധാന കക്ഷികളായ ആർജെഡിയും കോണ്‍ഗ്രസും ആറിടത്തു പരസ്പരം മത്സരിക്കുന്നു. സിപിഐയും കോണ്‍ഗ്രസും നാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
ആർജെഡിയുടെ ഒരു മണ്ഡലത്തിൽ വിഐപിയും മത്സരിക്കുന്നു. 143 സ്ഥാനാർഥികളുടെ പട്ടികയാണ് ആർജെഡി പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് 61 പേരെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്റെ സീറ്റുകളിൽ ഉൾപ്പെടെയാണ് ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തർക്കം പരിഹരിക്കാൻ കോൺഗ്രസിന്റെയും ആർജെഡിയുടെയും ഉന്നത നേതാക്കൾ ഇടപെടുമെന്നാണു റിപ്പോർട്ട്.
ഒന്‍പതു സീറ്റാണ് സിപിഐക്കു നല്‍കിയിട്ടുള്ളത്. ഇതിൽ നാലിടത്തു കോണ്‍ഗ്രസിനും സ്ഥാനാർഥികളുണ്ട്. പ്രതിപക്ഷത്തെ ഭിന്നത എൻഡിഎയ്ക്കു നേട്ടമാകുമെന്നാണു രാഷ് ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൻഡിഎയിൽ കാര്യമായ അതൃപ്തിയില്ല. ബിജെപിയും ജെഡി-യുവും 101 വീതം സീറ്റുകളിൽ മത്സരിക്കുന്നു. 29 സീറ്റ് എൽജെപിക്കു നല്കി.