ഇടതുപക്ഷ തീവ്രവാദം ചരിത്രമാകുന്നു; രാജ്നാഥ് സിംഗ്
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: പോലീസിന്റെയും സുരക്ഷാ സേനയുടെയും ഇടപെടലിലൂടെ രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം ചരിത്രമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ഡൽഹിലെ ദേശീയ പോലീസ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഭരണകൂടത്തിനെതിരേ ആയുധമെടുത്ത മോവോയിസ്റ്റുകൾ ഇന്ന് സായുധസേനയ്ക്കു മുന്നിൽ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ അക്ഷീണ പരിശ്രമം മൂലം ഇടതുപക്ഷ തീവ്രവാദമെന്ന ഭീഷണി വൈകാതെ ചരിത്രമാകും. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുരക്ഷാ ഉദോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നതായും സൈനികരെ അഭിസംബോധന ചെയ്യവെ രാജ്നാഥ് സിംഗ് പറഞ്ഞു.
വളരെക്കാലമായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു വെല്ലുവിളിയായിരുന്നു നക്സലിസം അടക്കമുള്ള ഇടതുപക്ഷ തീവ്രവാദം. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ജില്ലകളും നക്സലിസത്തിന്റെ പിടിയിലായിരുന്നു.
ഗ്രാമങ്ങളിലെ സ്കൂളുകളും റോഡുകളും തീവ്രവാദികൾ കൈയേറി. ഗ്രാമീണർ ഭയത്തോടെ ജീവിച്ചിരുന്ന ആ കാലത്തുനിന്നും നക്സലിസത്തെ തുടച്ചുനീക്കാൻ സുരക്ഷാസേന നടത്തിയ നടപടികൾ പ്രശംസനീയമാണ്. ഒരുകാലത്ത് നക്സൽ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വിദ്യാഭ്യാസകേന്ദ്രങ്ങളായി മാറി. ചുവന്ന ഇടനാഴി എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ മേഖലകൾ ഇപ്പോൾ വികസനത്തിന്റെ ഇടനാഴികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം മാർച്ചോടെ രാജ്യത്തുനിന്ന് നക്സലിസം, മാവോയിസം തുടങ്ങിയ ഇടതുപക്ഷ തീവ്രവാദങ്ങൾ തുടച്ചുനീക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചു വരികയാണ്.
കഴിഞ്ഞവർഷം ഛത്തീസ്ഗഡിൽ മാത്രം 290 നക്സലുകളെയാണ് ഇല്ലാതാക്കിയത്. 1090 പേരെ അറസ്റ്റ് ചെയ്തു. 881 പേർ കീഴടങ്ങിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ഇതുവരെ 270 നക്സലുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചു. 680 പേരെ അറസ്റ്റ് ചെയ്തതായും 1225 പേർ കീഴടങ്ങിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഇതോടൊപ്പം പല നക്സൽ ക്യാന്പുകളും സുരക്ഷാസേന നിർവീര്യമാക്കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.