എസ്. ജയശങ്കർ പാക് പ്രധാനമന്ത്രിയെ കണ്ടു
Wednesday, October 16, 2024 2:25 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സൗഹൃദസംഭാഷണം നടത്തി.
ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിലെത്തിയതായിരുന്നു ജയശങ്കർ. ഉച്ചകോടിയിലെത്തുന്ന രാഷ്ട്രനേതാക്കൾക്കായി ഷരീഫിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി.
കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം എന്നിവമൂലം ഉഭയകക്ഷിബന്ധം താറുമാറായി തുടരുന്നതിനിടെയാണു കൂടിക്കാഴ്ച. ഒന്പതു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഇസ്ലാമാബാദിൽ ഇന്നു തുടങ്ങുന്ന ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ എസ്. ജയശങ്കറാണ് നയിക്കുന്നത്.