ഹരിയാന ജനത വികസനത്തിനൊപ്പം: അഭിനന്ദിച്ച് മോദി
Wednesday, October 9, 2024 2:14 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിൽ ഹരിയാന ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാപട്യത്തെ തൂത്തെറിഞ്ഞ ജനത സത്യത്തിന്റെയും വികസനത്തിന്റെയും സത്ഭരണത്തിന്റെയും വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും പറഞ്ഞു.
ജമ്മു കാഷ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത് രാജ്യത്തിന്റെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസിനെതിരേ രൂക്ഷവിമർശനമാണ് മോദി ഉയർത്തിയത്. ദളിതരെയും ഗോത്രവിഭാഗങ്ങളെയും കർഷകരെയും സാധ്യമായ വഴികളിലെല്ലാം പ്രകോപിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെങ്കിലും ജനം അതു തിരിച്ചറിയുകയായിരുന്നു.
ബിജെപി ഏതു സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാലും ജനം ദീർഘകാല പിന്തുണയാണു നൽകുക. പ്രവേശനം ഇല്ലായെന്ന് കോൺഗ്രസിനോടു പറയുകയും ചെയ്യും-മോദി അവകാശപ്പെട്ടു. അധികാരത്തിൽ തിരിച്ചെത്തുന്ന കോൺഗ്രസ് സർക്കാരുകൾ അപൂർവമാണ്.
ചില സംസ്ഥാനങ്ങളിൽ 60 വർഷമായി അധികാരം വീണ്ടെടുക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. ഒരിക്കൽ ജനങ്ങൾ കോൺഗ്രസിനെ പുറത്താക്കിയാൽ തിരിച്ചെത്താൻ അവർക്കു കഴിയാറില്ല-പ്രധാനമന്ത്രി പറഞ്ഞു.
1966 ൽ രൂപീകൃതമായ ഹരിയാനയിൽ 13 തെരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്. ഇതിൽ പത്ത് തെരഞ്ഞെടുപ്പുകളിലും സർക്കാർ മാറിമാറി വരികയായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാരിന് മൂന്നുതവണ അധികാരത്തുടർച്ച ലഭിച്ചിരിക്കുകയാണ്-പ്രധാനമന്ത്രി വ്യക്തമാക്കി.